Saturday, April 01, 2006

ഓര്‍മ്മയിലെ ഒരു വളപ്പൊട്ട്‌

ഓര്‍മ്മയിലെ ഒരു വളപ്പൊട്ട്‌

നാലാം തരം ജയിച്ചത്‌ അറിഞ്ഞ ദിവസം എന്റെ മനസ്സ്‌ വളരെ സന്തോഷത്തിലായിരുന്നു.അഞ്ചാം തരത്തിലേക്ക്‌ ജയിച്ചു എന്നതിനപ്പുറം,അടുത്തുള്ള പ്രൈമറി സ്‌കൂള്‍ വിട്ട്‌, ഇക്കാടെയും അടുത്ത വീട്ടിലെ ചേച്ചിമാരുടേയും കൂടെ "ചീപ്പി"നപ്പുറത്തുള്ള അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക്‌ പോകാം, എന്നതിനാലാണ്‌ എന്റെ കുഞ്ഞുമനസ്സ്‌ കൂടുതല്‍ സന്തോഷിച്ചത്‌.ഏഴാംതരം വരെയുള്ള അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയിലുള്ള ചീപ്പിനുമപ്പുറത്താണ്‌.ഗ്രാമാതിര്‍ത്തിയിലുള്ള സീതത്തോടിന്‌ കുറുകെ ഒരു ചിറ കെട്ടിയിട്ടുണ്ട്‌."ചീപ്പ്‌","ബണ്ട്‌" എന്നൊക്കെ ഞങ്ങള്‍ ഗ്രാമവാസികള്‍ അതിനെ പറയും.അതിനുമപ്പുറത്തേക്ക്‌ ഞാന്‍ പോയിട്ടില്ല.ഇനി എനിക്കും ചീപ്പ്‌ കടന്ന് കുന്നിന്‍ ചെരുവിലെ ആ സ്‌കൂളിലേക്ക്‌ പോകാം..

ജൂണ്‍ മാസത്തിലെ ആദ്യ ആഴ്‌ച.പുതിയ ഉടുപ്പും ബാഗും കുടയും എല്ലാം വാങ്ങിയിട്ടുണ്ട്‌.പുതിയ സ്‌കൂളിലേക്ക്‌ ഇക്കയോടൊപ്പം പുറപ്പെട്ടു.ഇക്കാടെ മുഖത്ത്‌ ചെറിയൊരു നീരസം ഉണ്ട്‌.ഇക്കാക്ക്‌ ബാഗും കുടയും പഴയത്‌ തന്നെ, എനിക്കാണെങ്കില്‍ ഉപ്പ ഗള്‍ഫില്‍ നിന്നും പുതിയ കുട കൊടുത്തയച്ചിരുന്നു.ബാഗും പുതിയത്‌ വാങ്ങി .അതെല്ലാമാണ്‌ ഇക്കാടെ നീരസത്തിന്‌ കാരണം.എങ്കിലും മൂത്തവന്‍ എന്ന ഗര്‍വ്വോടെ ഇക്ക മുന്‍പില്‍ നടന്നു.ഇടവഴികടന്നപ്പോള്‍ അയല്‍പക്കത്തെ ചേച്ചിമാര്‍ ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു.ചുവന്ന റിബണ്‍ കൊണ്ട്‌ രണ്ട്‌ വശവും മുടി മെടഞ്ഞുവെച്ചിരിക്കുന്ന, കണ്ണട വെച്ച ചേച്ചി എന്നെയൊന്ന് സൂക്ഷിച്ചു നോക്കി ചിരിച്ചു. നാണം കൊണ്ടോ എന്തോ ഞാന്‍ മുഖം കുനിച്ചു.ഇക്ക തന്നെയാണ്‌ ആ ചെറിയ വിദ്യാര്‍ത്ഥി ജാഥയുടെ ലീഡര്‍.ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഇക്കയെക്കാള്‍ തലമൂത്ത ആണ്‍കുട്ടികള്‍ സംഘത്തില്‍ വേറെ ഇല്ലാത്തതു കൊണ്ടാകാം.

ചെറുതായി ചാറ്റല്‍ മഴ പെയ്‌തു തുടങ്ങി.എല്ലാവരും കുട നിവര്‍ത്തി. ഞെക്കുമ്പോള്‍ തുറക്കുന്ന എന്റെ ഗള്‍ഫ്‌ കുട ഞാന്‍ തെല്ലഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചു.ചീപ്പ്‌ മുറിച്ചുകടക്കുമ്പോള്‍ ഇക്ക ഒന്നു തിരിഞ്ഞു നിന്ന്‌,തെല്ലധികാരത്തോടേ പറഞ്ഞു."സൂക്ഷിച്ച്‌ നടക്കണം, വീഴരുത്‌" മഴക്കാലം തുടങ്ങിയതിനാല്‍ തോട്ടില്‍ വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു.കലക്കവെള്ളമാണ്‌ ഒഴുകിവരുന്നത്‌. തന്റെ വഴിയേ ഉള്ളതെല്ലാം വൃത്തിയാക്കി ഒഴുകുകയാണ്‌ സീതത്തോട്‌. കുറേ ചപ്പുചവറുകളും പഴകിയ പച്ചക്കറികളും കശാപ്പു ചെയ്ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങളും തോട്ടിലൂടെ ഒഴുകിനീങ്ങുന്നത്‌ കാണാം. അറവുശാലയും മാര്‍ക്കറ്റും എല്ലാം ചീപ്പില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്താണ്‌. ഒരിക്കല്‍ ഉപ്പാപ്പയുടെ കൂടെ മാര്‍ക്കറ്റില്‍ പോയിട്ടുണ്ട്‌. അറവുശാലയുടെ അടുത്തുകൂടെ വന്നപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം സഹിക്കവയ്യാതെ ഞാന്‍ മൂക്ക്‌ പൊത്തിപോയി.

ചീപ്പ്‌ കടന്നതും ഇക്ക വിശദീകരണം തുടങ്ങി." ഇമ്മാതിരി കുറച്ചീസം കൂടി മഴ പെയ്താല്‍ ചീപ്പങ്ങ്‌ട്‌ നിറഞ്ഞുകവിയും , അപ്പോള്‍ മുഴുവന്‍ മരപ്പലകളും എടുത്തു മാറ്റും." തടയണ വെച്ചിട്ടുള്ള മരപ്പലകകള്‍ മുഴുവന്‍ എടുത്തുമാറ്റുമ്പോള്‍ അതിലൂടെ വെള്ളം കുതിച്ചു ചാടുന്നത്‌ ഞാന്‍ ഭാവനയില്‍ കണ്ടു.ഇക്ക ഇടക്കിടക്ക്‌ ഓരോ വിശദീകരണം തന്നു കൊണ്ടിരിന്നു.തോട്ടരികിലെ ഒരു ചെറിയ കുടിലിന്റെ അടുത്തു കൂടെ കടന്നു പോകണം ഞങ്ങള്‍ക്ക്‌. അവിടെ എത്തിയപ്പോള്‍ പെണ്‍പട ഒന്നു നിന്നു. നാടുനീളെ നടന്ന് വളകള്‍ വില്‍ക്കുന്ന ഒരു സ്ത്രീയുടെ കുടിലാണത്‌. ഉമ്മറത്ത്‌ പല വര്‍ണങ്ങളിലുള്ള വളകള്‍ തുണികൊണ്ട്‌ കെട്ടിവെച്ചിരിക്കുന്നു. പെണ്‍പടയുടെ നോട്ടം അതിലേക്കാണ്‌.ഇക്ക വീണ്ടും തിരിഞ്ഞ്‌ ദേഷ്യത്തില്‍ പറഞ്ഞു.." ഒന്നു വരുന്നുണ്ടോ.. ബെല്ല് ഇപ്പോ അടിക്കും.." എല്ലാവരും നടത്തതിന്‌ വേഗത കൂട്ടി.

സ്‌കൂള്‍ ഗേറ്റ്‌ കടക്കുമ്പോള്‍ ഒന്നാം ബെല്ല് അടിക്കാന്‍ തുടങ്ങിയിരുന്നു.5 സി എനിക്ക്‌ കാണിച്ച്‌ തന്ന് ഇക്ക വേഗം ക്ലാസ്സിലേക്ക്‌ ഓടി.പുതിയ സ്‌കൂള്‍, ക്ലാസ്‌, ടീച്ചര്‍ , സഹപാഠികള്‍.. എല്ലാവരുമയി ഞാന്‍ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്നു.എന്റെ പ്രകൃതം അങ്ങനെയാണ്‌ .ഏത്‌ സാഹചര്യവുമായും പെട്ടെന്ന് ഇണങ്ങിച്ചേരും."സ്‌റ്റെപ്‌ കട്ട്‌" സ്‌റ്റെയിലില്‍ മുടി വെട്ടി, കുസൃതിനിറഞ്ഞ മുഖഭാവത്തോടെ ക്ലാസ്സില്‍ ഉന്മേഷവാനായിരിക്കുന്ന കൊച്ചുപയ്യന്‍ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാകാന്‍ അധികസമയം വേണ്ടിവന്നില്ല. താമസിയാതെ ക്ലാസ്സ്‌ ലീഡര്‍ എന്ന പദവിയും അലങ്കരിച്ചുകിട്ടി.

സ്‌കൂള്‍ തുറന്ന് ഒരാഴ്‌ച കഴിഞ്ഞു. ഈ ദിവസങ്ങളിലെല്ലാം മഴ തകര്‍ത്തു പെയ്‌തുകൊണ്ടിരുന്നു. ചീപ്പ്‌ കവിഞ്ഞ്‌ വെള്ളം മുകളിലൂടെ ഒഴുകിത്തുടങ്ങി.ചീപ്പിന്‌ മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കാലിട്ടടിച്ച്‌ കളിക്കുക ഞങ്ങള്‍ കുട്ടികളുടെ ഒരു വിനോദമായി.വെള്ളത്തില്‍ ഒഴുകിവരുന്ന പരല്‍മീനുകളെ തുറന്നു വെച്ച കുടകൊണ്ട്‌ പിടിക്കുവാന്‍ ഇക്കാക്ക്‌ ഒരു പ്രത്യേക വൈദഗ്‌ദ്യം ഉണ്ടായിരുന്നു.കവിഞ്ഞൊഴുകുന്ന ചീപ്പ്‌ കടന്നുപോകുമ്പോള്‍ ഞൊറിയിട്ട പാവാട വെള്ളം നനയാതെ, ഒരു കൈകൊണ്ട്‌ പൊക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ പുസ്‌തകകെട്ടും കുടയും മാറത്തടക്കിപ്പിടിക്കാന്‍ പെണ്‍കുട്ടികള്‍ നന്നേ പാടു പെട്ടിരുന്നു. അപ്പോള്‍ അവരുടെ നടത്തം കുറേകൂടി തലകുനിച്ചിട്ടായിരിക്കും. പുറകേ വരുന്ന ആണ്‍പ്രജകളുടെ തല കൂടുതല്‍ നിവര്‍ന്നിരിക്കും!!. പുസ്തകവും വസ്‌ത്രവും നനഞ്ഞൊലിച്ച്‌ വീട്ടിലെത്തുന്നത്‌ സ്ഥിരം പതിവായി. വീട്ടിലെ വഴക്കില്‍ നിന്നും തല്ലില്‍ നിന്നും ഞാന്‍ സൌകര്യപൂര്‍വം രക്ഷപ്പെട്ടാലും ഇക്കാക്ക്‌ കിട്ടുന്നതില്‍ കുറവുണ്ടായിരുന്നില്ല.

അന്നും നല്ല മഴയുണ്ടായിരുന്നു.കുട്ടികള്‍ ക്ലാസ്സിന്റെ മൂലയില്‍ ചുരുട്ടിവെച്ച നനഞ്ഞ കുടയില്‍ നിന്നും വെള്ളം ഊറി പ്രതലം ആകെ നനഞ്ഞിരിക്കുന്നു.ഇപ്പോള്‍ ചീപ്പ്‌ നിറഞ്ഞ്‌ കരകവിഞ്ഞൊഴുകുന്നുണ്ടായിരിക്കും . തോട്ടുവരമ്പിലെ വളവില്‍പനക്കാരിയുടെ കുടിലിനകത്തേക്ക്‌ വെള്ളം കയറിയിട്ടുണ്ടാകും .. പാവം ഇനി മഴക്കാലം കഴിയുന്നത്‌ വരെ മാര്‍ക്കറ്റിലെ പീടികത്തിണ്ണ തന്നെ ശരണം... ക്ലാസ്സിന്റെ പകുതിമാത്രം കെട്ടിപൊക്കിയ ചുമരില്‍ സ്ഥാനം പിടിച്ച കുടകള്‍ കാറ്റുവീശുമ്പോള്‍ ഇടക്ക്‌ താഴോട്ട്‌ മൂക്കുകുത്തികൊണ്ടിരുന്നു.. ടീച്ചര്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഹെഡ്‌മാഷ്‌ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ചുകൊണ്ട്‌ ക്ലാസിലേക്ക്‌ കയറി വന്നു."ടീച്ചറെ പുതിയ കുട്ടിയാണ്‌.ബോംബെയില്‍ ജനിച്ചുവളര്‍ന്നതാണ്‌.മലയാളം അത്രക്കങ്ങ്‌ട്‌ പോര. ഒന്ന് ശ്രദ്ധിച്ചോളൂ ട്ടോ.." ഹെഡ്‌മാഷ്‌ പറഞ്ഞു. ടീച്ചര്‍ സമ്മതഭാവത്തില്‍ തലയാട്ടി. ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചു. ചെറിയ വട്ടക്കണ്ണട വെച്ച മുഖം. മുടി കാതിനു താഴെ വെച്ച്‌ വെട്ടി ഒതുക്കി വെച്ചിരിക്കുന്നു. രണ്ട്‌ കൈകളിലും നിറയെ ചുവന്ന വളകള്‍. മുഖത്ത്‌ തെല്ലൊരു അഹങ്കാര ഭാവം . അതോ എനിക്കു വെറുതെ തോന്നിയതോ?..ടീച്ചര്‍ ആ കുട്ടിയെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. ടീച്ചര്‍ എന്തൊക്കെയോ ചോദിച്ചു. ഓരോ ചോദ്യത്തിനും ആ കുട്ടി തലയാട്ടി കൊണ്ടിരുന്നു. ഇടക്ക്‌ "നഹി" എന്നോ മറ്റോ പറഞ്ഞു.ഞാന്‍ അവളുടെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിക്കയായിരുന്നു. എന്തൊക്കെയോ ആ കുട്ടിയില്‍ നിന്നും മനസ്സിലാക്കിയ പോലെ ടീച്ചര്‍ അവളെക്കുറിച്ച്‌ അല്‍പം പുകഴ്‌ത്തിപറഞ്ഞു. ബോംബെയിലെ സ്‌കൂളില്‍ നിന്നും ഒന്നാമതായി ജയിച്ചുവന്നതാണെത്രേ!!."വെറുതെയല്ല മുഖത്ത്‌ ഒരു അഹങ്കാരഭാവം" ഞാന്‍ മനസ്സില്‍ കരുതി.ഇന്റെര്‍വല്‍ സമയത്ത്‌ ഞാന്‍ ഒന്ന് ചങ്ങാത്തം കൂടാന്‍ ശ്രമിച്ചു. പക്ഷെ ആ കുട്ടിക്ക്‌ കണ്ട ഭാവം ഇല്ല. എങ്കിലും ഇടക്കെല്ലാം ഒഴിഞ്ഞു നിന്ന് ആ കുട്ടിയെ നിരീക്ഷിക്കുക എന്റെ പതിവായി.ക്ലാസ്സില്‍ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും താമസിയാതെ ഞങ്ങള്‍ തമ്മില്‍ ചെറിയൊരു മത്‌സരം നിലവില്‍ വന്നു. ഒരു ദിവസം അവള്‍ ക്ലാസ്സില്‍ ഹിന്ദിപാട്ട്‌ പാടിയത്‌ എന്റെ മനസ്സില്‍ ഒരു പോലെ സങ്കടവും സന്തോഷവും ഉണ്ടാക്കി. എനിക്ക്‌ അങ്ങനെ പാടാന്‍ കഴിയില്ലല്ലോ എന്ന സങ്കടവും മനോഹരമായി പാടുന്ന അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോഴുണ്ടായ ആനന്ദവും വേര്‍തിരിച്ചെടുക്കാന്‍ ഞാന്‍ നന്നേ പാടു പെട്ടു.

ഞാനടക്കം അധികം കുട്ടികളും വീട്ടില്‍നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്ന പതിവാണ്‌.ഉച്ചക്ക്‌ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അടുത്തു വീടുള്ള കുട്ടികള്‍ മാത്രമാണ്‌ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത്‌. അവള്‍ രണ്ടാമത്തെ ഗണത്തില്‍ ആയിരുന്നു. അവളുടെ തൊട്ടടുത്ത വീട്ടില്‍ നിന്നും വരുന്ന ഒരു ആണ്‍കുട്ടി കൂടി ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അവനുമായി ഞാന്‍ ചങ്ങാത്തം സ്ഥാപിച്ചു.സ്‌കൂളിന്റെ പടിക്കലെ പെട്ടികടയില്‍ നിന്നും വാങ്ങിക്കുന്ന കാരക്ക മുട്ടായിയും നെല്ലിക്ക ഉപ്പിലിട്ടതും എല്ലാം വാങ്ങികൊടുത്ത്‌ ഞാന്‍ അവനെ പാട്ടിലാക്കി. അങ്ങനെ ഉച്ചഭക്ഷണത്തിന്‌ ബെല്ലടിച്ചാല്‍ ഞാന്‍ ഭക്ഷണം കഴിച്ചു തീരുന്നത്‌ വരെ അവന്‍ കാത്ത്‌ നില്‍ക്കും. ഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ ഒരുമിച്ച്‌ അവന്റെ വീട്ടിലേക്ക്‌ പോകും. അകത്ത്‌, അവന്‌ അമ്മ ഭക്ഷണം ഉരുളയാക്കി വായില്‍ വാരിക്കൊടുക്കുമ്പോള്‍,ഞാന്‍ പുറത്ത്‌ ഉമ്മറത്തിരുന്ന്‌ അടുത്തുള്ള അവളുടെ വീട്ടിലേക്ക്‌ എത്തിനോക്കിക്കൊണ്ടിരിക്കും. മടക്കയാത്രയില്‍ അവള്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ ഉണ്ടാകും , അകമ്പടിയായി.. ക്രമേണ ഞങ്ങള്‍ ചെറിയ ചങ്ങാത്തത്തിലായി. അധികം സംസാരിക്കാറില്ലെങ്കിലും അവളുടെ ഇടക്കുള്ള ഒന്ന് രണ്ട്‌ വാക്കുകളും പുഞ്ചിരിയും എന്നെ തൃപ്‌തിപ്പെടുത്തിയിരുന്നു.

ചീപ്പിലെ വെള്ളം കുറേശ്ശെയായി താണുതുടങ്ങിയിരിക്കുന്നു.സീതത്തോടിന്റെ ഓരത്ത്‌ നിറഞ്ഞുനില്‍ക്കുന്ന കൈതക്കാട്ടില്‍ നിന്നും കൈതപ്പൂവിന്റെ ഗന്ധം പരന്നു തുടങ്ങി. കോളാമ്പിപ്പൂവും കൂത്താടിച്ചിയും എല്ലാം നിറഞ്ഞു പൂത്തു നില്‍ക്കുകയാണ്‌... ഇന്ന് ഓണപരീക്ഷയുടെ ഉത്തരക്കടലാസ്‌ കിട്ടി.ക്ലാസ്സില്‍ ഒന്നാമത്‌ ഞാനാണ്‌. അവള്‍ക്ക്‌ രണ്ടാം സ്ഥാനം. ഹിന്ദിയില്‍ എനിക്ക്‌ 50 ല്‍ 49 അവള്‍ക്ക്‌ 48. പാവം അതിലെങ്കിലും അവള്‍ക്ക്‌ ഒന്നാം സ്ഥാനം വേണ്ടതായിരുന്നു. എന്തോ എനിക്ക്‌ അവളോട്‌ സഹതാപം തോന്നി. ഹിന്ദി ടീച്ചര്‍ക്ക്‌ "സ്‌റ്റെപ്‌ കട്ട്‌" സ്‌റ്റെയിലില്‍ മുടി വെട്ടിയ കുസൃതിനിറഞ്ഞ മുഖമുള്ള ആണ്‍കുട്ടിയോട്‌ കൂടുതല്‍ വാത്‌സല്യം തോന്നിയോ?. അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടോ എന്തോ ഹിന്ദി ടീച്ചറോട്‌ എനിക്ക്‌ ചെറിയ അമര്‍ഷം തോന്നി...
മാര്‍ക്കുകള്‍ തമ്മില്‍ ഒത്തുനോക്കുകയായിരുന്നു ഞങ്ങള്‍ . അപ്പോഴാണ്‌ ക്ലാസ്സിലെ രണ്ടു വില്ലന്മാരുടെ രംഗപ്രവേശം. ഞങ്ങളുടെ ചങ്ങാത്തം അവരെ അലോസരപ്പെടുത്തിയിരുന്നു.അവരില്‍ ഒരാള്‍ പലതവണ അവളെ നമ്പറിട്ട്‌ നോക്കിയതാണ്‌.അവന്‍ ഞങ്ങളുടെ അടുത്തുവന്ന് അവളുടെ തലയില്‍ ചെറുതായൊരു കിഴുക്ക്‌ കൊടുത്തു. എനിക്ക്‌ സഹിക്കാനായില്ല . ഞാന്‍ അവനെ പിടിച്ചു ഉന്തി നീക്കി. കായികബലത്തില്‍ അവര്‍ രണ്ടുപേരും എന്നേക്കാള്‍ മുന്‍പിലായിരുന്നു. അവര്‍ ശരിക്കും പെരുമാറിയപ്പോള്‍ ഞാന്‍ നിലത്തു വീണുപോയി.ചോര പൊടിയുന്ന കൈകളില്‍ അവള്‍ തലോടിയപ്പോള്‍ എനിക്ക്‌ സന്തോഷമായി. ഞാന്‍ മനസ്സിന്റെ വേദന കടിച്ചമര്‍ത്തി പുഞ്ചിരിച്ചു. സംഭവം പെട്ടെന്നു തന്നെ എന്റെ ഇക്കായുടെ ചെവിയിലെത്തി. അനിയന്റെ മേല്‍ കൈവെച്ചവരെ പെരുമാറാന്‍ തന്നെയാണ്‌ ഇക്കായുടേയും കൂട്ടരുടേയും തീരുമാനം. വളരെ കഷ്‌ടപ്പെട്ട്‌ ഞാന്‍ അവരെ ഒതുക്കി നിറുത്തുന്നതില്‍ വിജയിച്ചു."ഒരു ദിവസം ഞാന്‍ അവനിട്ട്‌ കൊടുക്കും " ഇക്ക ആത്‌മരോഷത്താല്‍ പറയുന്നുണ്ടായിരുന്നു. എന്തായാലും വീട്ടില്‍ അറിയാതെ ആ സംഭവം അങ്ങനെ അവസാനിച്ചു.

വിദ്യാലയദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണു. വര്‍ഷാവസാന പരീക്ഷയുടെ അവസാനദിവസം..അവസാനപരീക്ഷയും എഴുതിതീര്‍ത്ത്‌ സ്‌കൂള്‍ ഗേറ്റിന്റെ വെളിയിലിറങ്ങിയ ഞാന്‍ , കുറേ കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നത്‌ കണ്ടു. തിരക്കിനിടയിലൂടെ നുഴഞ്ഞ്‌ അകത്ത്‌ കടന്ന ഞാന്‍ കണ്ടത്‌, പഴയ ആ വില്ലന്‍ കഥാപാത്രത്തെ ഇക്ക പപ്പടം പോലെ മലര്‍ത്തിയടിച്ച്‌ ഇട്ടിരിക്കുകയാണ്‌. രണ്ടുപേരുടെയും ദേഹത്ത്‌ അവിടവിടെ മുറിവുകള്‍. കാഴ്‌ചക്കാര്‍ ഹര്‍ഷാരവം മുഴക്കുന്നുണ്ട്‌.എന്നെ കണ്ട ഇക്ക കലാപരിപാടി അവസാനിപ്പിച്ച്‌ എന്റെ കയ്യും പിടിച്ച്‌ തിരക്കില്‍ നിന്നും മെല്ലെ വലിഞ്ഞ്‌, നേരെ വെച്ചു പിടിച്ചു.. വീട്ടിലേക്ക്‌.... എനിക്ക്‌ കരച്ചില്‍ വന്നു. ഇക്ക കണ്ണുരുട്ടി കാണിച്ച്‌ ഭീഷണിപ്പെടുത്തി മിണ്ടാതിരിക്കാന്‍ പറഞ്ഞു. എന്റെ കരച്ചില്‍ അടക്കിപ്പിടിച്ച തേങ്ങലായി മാറി. വഴിയില്‍ സീതത്തോട്ടിലിറങ്ങി ഇക്ക കയ്യും മുഖവും കഴുകി വൃത്തിയാക്കി. എന്നിരുന്നാലും ഞങ്ങള്‍ എത്തും മുന്‍പേ സംഭവം വീട്ടില്‍ അറിഞ്ഞു. അയല്‍പക്കത്തെ ചേച്ചിമാര്‍ ആ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിച്ചു. പിന്നെത്തെ കാര്യം പറയണ്ട!!! എന്റെ തടസ്സവാദങ്ങള്‍ വകവെക്കാതെ, കരിവള്ളികോലുകൊണ്ട്‌ ഉമ്മ ഇക്കാക്കിട്ട്‌ നല്ലവണ്ണം കൊടുത്തു. കൂട്ടത്തില്‍ രണ്ടു മൂന്നെണ്ണം എനിക്കും കിട്ടി.

വേനലവധി സന്തോഷം നിറഞ്ഞതായിരുന്നു. ബന്ധുവീടുകളിലും മറ്റുമായി കുറെ ദിവസം കറങ്ങി നടന്നു. ഇടക്കിടക്ക്‌ അവളുടെ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്താറുണ്ട്‌.റിസല്‍ട്ട്‌ അറിയാന്‍ സ്‌കൂളില്‍ പോകുന്ന ദിവസം കാണാം എന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. എന്നാല്‍ ഉമ്മാടെ വീട്ടില്‍ ആയിരുന്ന എന്നെ അവിടെനിന്ന് വിടാന്‍ ഉമ്മുമ്മ സമ്മതിച്ചില്ല. ഞാന്‍ വാശി പിടിച്ചു എങ്കിലും ഇക്ക പോയി രണ്ടുപേരുടേയും റിസല്‍ട്ട്‌ അറിഞ്ഞു വന്നാല്‍ മതിയെന്നായിരുന്നു തീരുമാനം. ഞാന്‍ തീര്‍ത്തും നിരാശനായി.ബന്ധുവീടുകളിലെ സന്ദര്‍ശനം എല്ലാം കഴിഞ്ഞ്‌ സ്‌കൂള്‍ തുറക്കുമ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തിയ എന്നെ സ്വീകരിച്ചത്‌ മറ്റൊരു വാര്‍ത്തയാണ്‌.എട്ടിലേക്ക്‌ ജയിച്ച ഇക്കായുടെ കൂടെ ആറാം ക്ലാസ്സിലേക്ക്‌ ജയിച്ച എന്നെയും പട്ടണത്തിലെ വലിയ സ്‌കൂളില്‍ ചേര്‍ക്കാനാണ്‌ തീരുമാനം. പട്ടണത്തിലെ സ്‌കൂള്‍ ഒന്നു മുതല്‍ പത്താം തരം വരെയുള്ള സ്‌കൂള്‍ ആണ്‌. എന്റെ എല്ലാ ഉന്മേഷവും നശിച്ചു. പഴയ സ്‌കൂളില്‍ തന്നെ തുടര്‍ന്നാല്‍ , ഇക്കയില്ലാതെ ക്ലാസ്സിലെ വില്ലന്മാരെ നേരിടേണ്ടി വരുന്നതോര്‍ത്ത്‌ ആശങ്കയുണ്ടായിരുന്നുവെങ്കിലും, അതേ സ്‌കൂളില്‍ തുടരാന്‍ കഴിയാത്തതിന്റെ മനോവേദന എന്റെ ഹൃദയത്തില്‍ നിന്നും തികട്ടി വന്നു. അതിന്റെ മൂലകാരണം അവളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. അവള്‍ക്ക്‌ മുന്‍പില്‍ മറ്റുള്ള പ്രതിബന്ധങ്ങള്‍ എനിക്ക്‌ പ്രശ്‌നമല്ലായിരുന്നു.അവളെ ഇനി കാണാന്‍ പറ്റുമൊ?.. എന്റെ മനസ്സ്‌ അതോര്‍ത്ത്‌ ആശങ്കാകുലമായി.

സ്‌കൂള്‍ തുറന്ന ആദ്യദിവസം തന്നെ ഇക്കയും ഉമ്മയും ഒന്നിച്ച്‌ ടി സി വാങ്ങല്‍ എന്ന മഹത്തായ കര്‍മ്മത്തിനായി പുറപ്പെട്ടു. ഇത്തവണ പുതുവസ്‌ത്രങ്ങളോ,പുത്തന്‍ കുടയോ എന്നെ സന്തോഷിപ്പിച്ചില്ല. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴ ,.. എന്റെ ഹൃദയവേദനക്കൊപ്പം പ്രകൃതിയും വിലപിക്കുകയാണോ!!?..വഴിയില്‍ കിന്നാരം പറയാനെത്തിയ കിളികളും ഇളംകാറ്റും ചീപ്പിലെ പുതുവെള്ളവും എന്നെ ആകര്‍ഷിച്ചില്ല...സ്‌കൂള്‍ ഓഫീസിന്റെ വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.. ഒരു നോക്ക്‌ കണ്ടിരുന്നെങ്കില്‍... ആറാം ക്ലാസ്സ്‌ സി യില്‍ ആയിരിക്കും . ആ വശത്തേക്ക്‌ ഞാന്‍ ഏന്തിവലിഞ്ഞു നോക്കി. ജനലിനപ്പുറം കുട്ടികള്‍ കലപില കൂട്ടുന്നു.. ആരുടേയും മുഖങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല..അശ്രുകണങ്ങള്‍ നിറഞ്ഞ മിഴികള്‍ അവളെ മാത്രം തേടുകയായിരുന്നു. ഇടയ്ക്ക്‌ ആരൊക്കെയോ വന്ന് കുശലം ചോദിച്ചു. ആ സ്‌കൂള്‍ വിട്ട്‌ പോകുന്നതിന്റെ കാരണം തിരക്കുന്നവര്‍. എല്ലാ ഉത്തരങ്ങളും ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍ ശ്രമിച്ചു .ടിസിയും വാങ്ങി ഇക്കയും ഉമ്മയും ഒത്ത്‌ സ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍, എന്റെ ശ്രദ്ധ പുറകോട്ട്‌ തന്നെയായിരുന്നു. ഉമ്മ ഇടതുകൈക്ക്‌ പിടിച്ച്‌ വലിച്ച്‌ വേഗം നടക്കാന്‍ ഉത്തരവിട്ടു. ഒരു നിമിഷം ഞാന്‍ ഒന്ന് തിരിഞ്ഞു നിന്നു. ഞാന്‍ കണ്ടു.. ആറാം ക്ലാസ്സിലെ ജനലിനപ്പുറം അവളുടെ സുന്ദരമുഖം . അവള്‍ എന്നെ നോക്കി പുഞ്ചിരിക്കയാണോ?.. വേദന നിറഞ്ഞ ആ പുഞ്ചിരി ഞാന്‍ തിരിച്ചറിഞ്ഞു.... ഉമ്മയുടെ ശബ്‌ദം വീണ്ടും ഉയര്‍ന്നതോടെ, ഞാന്‍ സ്‌കൂളിന്റെ പടികള്‍ വേഗത്തില്‍ ചാടിയിറങ്ങി. കാല്‍ എന്തോ ഒന്നില്‍ തട്ടി. വലതു കാലിന്റെ ചെറുവിരല്‍ മൂര്‍ച്ചയുള്ള എന്തോ ഒന്നില്‍ തട്ടി ചെറുതായൊന്നു മുറിഞ്ഞു. ചോര പൊടിയുന്നു.. ഞാന്‍ കുനിഞ്ഞിരുന്ന് കാലില്‍ കൊണ്ട വസ്‌തു കയ്യിലെടുത്തു. ഒരു ചുവന്ന വളപ്പൊട്ട്‌!!.. ഇത്‌ .. ഇത്‌ ... അവളുടെ കൈകള്‍ അലങ്കരിച്ചിരുന്ന വളകള്‍.. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി.. ആ വളപ്പൊട്ടും കയ്യിലേന്തി ഞാന്‍ നടന്നു .. ഉമ്മാക്കും ഇക്കാക്കും പുറകേ....മറ്റൊരു നഷ്ടപ്പെടലിന്റെ വ്യഥയും മനസ്സിലേറ്റി...

26 Comments:

At 3:59 AM, Blogger ചില നേരത്ത്.. said...

ബാല്യകാല പ്രണയങ്ങളെ അങ്ങിനെ വിളിക്കാമോ എന്ന് എനിക്കൊരു സംശയം. platonic love അല്ലെ അവയെല്ലാം?. ഒരു പെന്‍സിലിന്റെയോ റബറിന്റെയോ പൂവിന്റെയോ പങ്കുവെക്കലില്‍ ഒതുങ്ങുന്നവ.. ഓര്‍ത്തിരിക്കാന്‍ നല്ല സുഖമുള്ള നോവ് നല്‍കുന്ന മറ്റൊരു ബാല്യ കാല സൌഹൃദം..

 
At 5:50 PM, Blogger Unknown said...

ഇളംതെന്നലേ,

അവസാനം ചേര്‍ത്ത നാടകീയത ഒഴിച്ചാല്‍ വളരെ നന്നായിട്ടുണ്ട്. വായിച്ചുപോകുമ്പോള്‍ മഴയുടെ നനവും, ബാല്യത്തിന്റെ ഉത്സാഹവും ഒക്കെ ദൃശ്യങ്ങളായി തെളിഞ്ഞു വരുന്നു.

 
At 7:03 PM, Blogger Unknown said...

ഗൊച്ചു ഗള്ളാ....

 
At 7:52 PM, Blogger സു | Su said...

ബാല്യം...
നൊമ്പരമില്ലാതെ ഓര്‍മ്മിക്കാന്‍ പറ്റിയ കാലം.

വലുതാവുന്നതിനോടൊപ്പം നൊമ്പരം ഇരട്ടിയായി കൂടെ വരുന്നു.

നിനവിലെ മഞ്ഞുതുള്ളിയുടെ തണുപ്പില്‍ ജീവിക്കാം.

 
At 7:56 PM, Blogger ദേവന്‍ said...

ഒ വി വിജയന്റെ ആ പ്രേമകഥയുടെ പേരെന്തായിരുന്നു? അതിന്റെ പോലത്തെ ഒരു ഫീല്‍ കിട്ടുന്നുണ്ട്‌. യാത്രാമൊഴി പറഞ്ഞതുപോലെ ഒരു ഡ്രമാറ്റിക്‌ ക്ലൈമാക്സ്‌ വേണമായിരുന്നോ? (കളരിയാശാന്‍ ഡെയ്‌ന്‍ ഗുരുക്കളേ, എനി കമന്റിങ്ങ്സ്‌?)

ചീപ്പു തുറക്കുന്നത്‌ കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെനിക്ക്‌ തെന്നലേ. ഒരണക്കെട്ട്‌ തുറന്നു വിട്ടാല്‍ എന്താ ... ആ ഏരിയയിലുള്ള സര്‍വ്വ സാധനോം വാരിക്കൊണ്ട്‌ മലവെള്ള പാഴിലു പോലെ ഒരൊറ്റ പോക്ക്‌..

 
At 7:59 PM, Blogger ഇളംതെന്നല്‍.... said...

യാത്രാമൊഴി,ദേവേട്ടാ... അവസാനത്തെ നാടകീയത എഴുതിച്ചേര്‍ത്തതില്‍ ഞാന്‍ ഖേദിക്കുന്നു....അവസാന രംഗം ഒഴികെ (വളപ്പൊട്ടിന്റെ) ബാക്കിയെല്ലാം യാഥാര്‍ത്ഥ്യങ്ങളുടെ വിവരണമായിരുന്നു...
ഇബ്രു.. അതിനെ പ്രണയം എന്നു വിളിക്കാമോ എന്ന് എനിക്കും അറിയില്ലാ..
സു .. ഓര്‍മ്മകള്‍ക്ക്‌ ഒരു പ്രത്യേക സുഖം തന്നെ അല്ലേ?
ഡ്രിസിലെ.... നിന്റെയത്രെയും വില്ലത്തരങ്ങള്‍ എനിക്കില്ലായിരുന്നു....

 
At 10:33 PM, Blogger മനൂ‍ .:|:. Manoo said...

ഇളംതെന്നല്‍...

അതെ, ഒരിളംതെന്നല്‍ പോലെ ഇതെന്നെ കടന്നകന്നു പോകുന്നു.
മുന്‍പു പറഞ്ഞതു പോലെ ഇതെല്ലാം കഥകളായി മാത്രമേ എനിക്കു വായിക്കാനാവുന്നുള്ളു.

ഈ അനുഭവങ്ങള്‍ എന്നെ അസൂയാലുവാക്കുന്നു.

 
At 9:06 PM, Blogger ഇളംതെന്നല്‍.... said...

മഴനൂലുകള്‍...
ഞാന്‍ കാതോര്‍ത്തിരിക്കുന്നൂ... നിന്റെ മനസ്സിലെ മഴനൂല്‍ മൊട്ടുകള്‍ തൂലികത്തുമ്പില്‍ പൂവായ്‌ വിരിയുന്നതും കാത്ത്‌... ഞാന്‍ വരും.. ഒരു ഇളംതെന്നലായി നിന്നെ തഴുകിയുണര്‍ത്താന്‍....

 
At 9:30 AM, Blogger ദിവാസ്വപ്നം said...

വളരെ ഭംഗിയായി എഴുതിയിരിക്കുനു.

അഞ്ചാം ക്ലാസ്സില്‍ വച്ച് തന്നെ ഒരു പെണ്‍കുട്ടി ഏതാണ്ട് ഇതേ സെറ്റപ്പില്‍ എന്റെ ക്ലാസ്സ്മേറ്റായിരുന്നു.

ആ കഥ പിന്നെ ഒരു പോസ്റ്റായി നീട്ടിവലിച്ചെഴുതാം.

പക്ഷേ, വളരെ കാലം കഴിഞ്ഞ് കേട്ടത്, ആ കുട്ടിയുടെ ഭാവി നശിച്ചു എന്നായിരുന്നു. ഈ കഥയുടെ നൊസ്റ്റാ‍ള്‍ജിയയ്ക്കിടയില്‍ അതെഴുതി പിന്നാലെ വരുന്നവരുടെ വായനാസുഖം നശിപ്പിക്കുന്നില്ല.

ഇനിയുമെഴുതുക, ഇങ്ങനെ വായിക്കാന്‍ നല്ല സുഖമാണ്.

 
At 6:21 PM, Blogger Adithyan said...

ആരിഫേ,
ടച്ചിംഗ് ആയി എഴുതിയിരിയ്ക്കുന്നു...

 
At 8:35 PM, Blogger Visala Manaskan said...

This comment has been removed by a blog administrator.

 
At 3:36 AM, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Autobiography is very touching. In the end, little painful disturbance also. Anyway you have a natural 'slang' of language. Keep it up and write again.

I am a new blogger. Now stsrted with a English blogg. Will be coming with Malayalam....

http:///mynaagan.blogspot.com

 
At 5:16 AM, Blogger msraj said...

ഇളംതെന്നലെ...
വളരെ നന്നായിട്ടെഴുതിയിരിക്കുന്നു..
വായിചപ്പൊള്‍‍ എന്‍റെ സ്കൂള്‍ യാത്രകളാണു ഓറ്‍മ്മ വന്നത്..

 
At 1:47 AM, Blogger Sapna Anu B.George said...

പ്രണയത്തിനു പ്രായമുണ്ടോ?സ്നേഹത്തിനു പരിധികള്‍ തീരുമാനിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.ആരിഫേ..ഇതിന്റെ ഓരോ ലിങ്ക് നമ്മുടെ’ഡഫ്ഫോഡില്‍സിലും‘ അടുത്ത തവണ മുതല്‍ ‍ഇടുക.

 
At 12:31 AM, Blogger memories said...

നീ ആള്‌ വിചാരിച്ച പോലെയല്ലല്ലോ????

നന്നായിട്ടുണ്ടെടാ...

നിന്റെ ഒാരോ വരികളും വായിക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സിലേക്ക്‌ അറിയാതെ ഒാടിയെത്തുന്നു....

പിന്നീട്‌ എപ്പോഴെങ്കിലും നീ ആ കണ്ണാടക്കാരിയെ കണ്ടിരുന്നോ????

 
At 5:51 PM, Blogger മയൂര said...

ഇളംതെന്നല്‍,വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു:)

 
At 10:06 PM, Blogger ശ്രീ മുത്തപ്പന്‍ Sree Muthapan said...

ILAM THENNAL,
PLZ VISIT:
http://www.muthapan.blogspot.com/

 
At 9:06 AM, Anonymous Anonymous said...

valare nalla shyli....u deserve a pat on ur back...keep it up

 
At 7:49 AM, Blogger ഇളംതെന്നല്‍.... said...

This comment has been removed by the author.

 
At 8:03 AM, Blogger ഇളംതെന്നല്‍.... said...

This comment has been removed by the author.

 
At 9:13 PM, Blogger Sapna Anu B.George said...

ബാല്യകാല പ്രേമം”ഇത്രവലിയ ഒരു കാമുക ഗൃദയം ഈ മനസ്സിലോളിച്ചിരില്ലുണ്ടോ!!! എന്റെമ്മേ

 
At 10:22 AM, Blogger എം. ബി. മലയാളി said...

:)

 
At 1:51 PM, Blogger ശ്രീവല്ലഭന്‍. said...

വളരെ നല്ല ശൈലി. എഴുത്ത് ഇഷ്ടപ്പെട്ടു.

 
At 4:04 AM, Blogger Unknown said...

This comment has been removed by the author.

 
At 4:21 AM, Anonymous Anonymous said...

wow....
so nice............
anyway i got nice pic abt u
watz name f dat girl
it s real story rt?
tell m the truth..

 
At 9:54 AM, Blogger ഗീത said...

വളരെ നന്നായി എഴുതിയിരിക്കുന്നു...

 

Post a Comment

<< Home