Saturday, February 03, 2007

എന്റെ ഡയറിയില്‍ നിന്ന്.....


എന്റെ ഡയറിയില്‍ നിന്ന്.....

09-02-2007 വെള്ളീ.

ഫെബ്രുവരിയീലെ ഈ തണുത്ത പ്രഭാതം എeന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ളതാണ്...
മണലാരണ്യത്തിലെ  ഡാഫൊഡിത്സ് പൂക്കള്‍ക്കൊപ്പം ഞാനിന്ന് യു എ യിലെ ഗാര്‍ഡന്‍ സിറ്റിയിലേക്ക് ഒരു യാത്രപോകുകയാണ്...
രാവിലെ നേരത്തെ എഴുന്നേറ്റ് ഒരുക്കം തുടങ്ങിയതാണ്..ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ എല്ലാം എടുത്തു വെച്ചു.
വലിയൊരു പായയും ഫുട്ബാളും നേരത്തേ കരുതി വെച്ചിരുന്നു.....
ഉം ഉല്‍ ക്യുവനില്‍ നിന്നും (ഞാന്‍ മുക്കിയും മൂളിയതും ഒന്നുമല്ലാട്ടോ... അത് യു ഏ ഇയിലെ എമിറേറ്റിന്റെ പേര്‍ ആണ്) കരീം മാഷ് നേരത്തേ പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയിപ്പ് കിട്ടിയിരുന്നു....
നേരത്തെ പറഞ്ഞത് പ്രകാരം ജി എം സി ഹോസ്പിറ്റലിന്റെ മുന്നിലെ പിക്കിങ് പോയന്റിലേക്ക് ഞാന്‍ നടന്നു...
മനസ്സുനിറയെ അനുഭവിച്ചറിയാന്‍ പോകുന്ന  വസന്തത്തിന്റെ പ്രതീക്ഷകളായിരുന്നു...
എനിക്ക് പുറകില്‍ ആരോ നടന്നു വരുന്നതു പോലെ.. ഞാനൊന്നു തിരിഞ്ഞു നോക്കി... ചുണ്ടില്‍ വിടര്‍ന്ന വശ്യമായ മന്ദഹാസവും തോളില്‍
ഒരു കറുത്ത ഭാഗും  അലസമായി വീശുന്ന കയ്യില്‍ ഒരു മിനെറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ച് മിന്നായം പോലെ ഒരു രൂപം...
ആ പുഞ്ചിരിയിലെ സുഹൃത്തേ ഞാനുമുണ്ട് നിങ്ങള്‍ക്കൊപ്പം എന്ന ഭാവം ഞാന്‍ തിരിച്ചറിഞ്ഞു....
എന്റെ തോന്നലുകളോട് വിട പറഞ്ഞ് ഞാന്‍ വീണ്ടും നടന്നു...
അക്ഷമനായി ബസ് വരുന്നതും കാത്ത് നില്‍കുന്നതിനിടയില്‍ മുനീറും ജയാലും എത്തിച്ചേര്‍ന്നു.... ഞാന്‍ അവരെയൊന്ന് സൂക്ഷിച്ചു നോക്കി
ഇനി ഇവരില്‍ ആരെങ്കില്ലുമാണോ എന്നെ പിന്തുടര്‍ന്നത്..... ഹേയ് വഴിയില്ല...
കരീം മാഷും റൂം മേറ്റ് പ്രശാന്തിനുമൊപ്പം നദീര്‍ ടൂര്‍ വാഹനത്തില്‍ പുറപ്പെട്ടു കഴിഞ്ഞു... ലുലു സെന്റ‌റിന്റെ അടുത്ത് നിന്ന് പ്രതീഷിനേയും പൊക്കിയെടുത്ത് എത്താമെന്ന് നദീറിന്റെ അറിയിപ്പ് വന്നു....
ഇന്നലെ സിറ്റി സെന്ററില്‍ ടൂര്‍ ഒരുക്കത്തിനുള്ള ഷോപ്പിങ്ങിനിടയില്‍ പ്രതീഷ് എന്ന വിദ്വാന്റെ ഞെട്ടിപ്പിക്കുന്ന ഒരു വായ്മൊഴി ഫോണിലൂടെ എന്നെ തേടിയെത്തിയിരുന്നു...
അജ്മാനില്‍ അരമണിക്കൂറിനുള്ളില്‍ ഭൂമി കുലുങ്ങുമെന്ന് അറീയിപ്പ് ഉണ്ടെത്രെ.....
രണ്ടുമാസമായി ഏഷ്യാനെറ്റില്‍ DSF സബാഷ് എന്ന പ്രോഗ്രാമ്മിലൂടെ ഇങ്ങോരുടെ വിക്രിയകള്‍ സഹിച്ചിരുന്ന എനിക്ക് അത് പുതുമയായി തോന്നിയില്ല...
മൊബൈലിലെ മെസ്സേജ് ശബ്‌ദം എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി...
"ശുഭയാത്ര"... നന്ദു കാവാലം....
ഞാന്‍ ടൂറിന് വരുന്നില്ല എന്ന ഒരു ധ്വനി  ആ സന്ദേശത്തില്‍ ഉണ്ടായിരുന്നു...
എന്റെ പ്രതികരണം ഇല്ലാതായപ്പോള്‍ പ്രതീക്ഷിച്ച പോലെ നന്ദുവിന്റെ ഫോണ്‍ വന്നു... ആ സോപ്പു കുമിളയെ വളരെ തന്മയത്വത്തോടെ ഞാന്‍ പൊട്ടിച്ചു കളഞ്ഞു...
ജയാലിനും മുനീറിനുമൊപ്പം ബസ്സില്‍ കയറുമ്പോള്‍ നദീറിന്റെ സ്വാഗതഗാനം കേള്‍ക്കുന്നുണ്ടായിരുന്നു...
അപ്പോഴും ഞാനൊന്ന് പുറകിലോട്ട് നോക്കി .. എന്റെയാ അജ്ഞാത സുഹൃത്ത്  എന്നെ അനുഗമിക്കുന്നതായി എനിക്ക് തോന്നിയിരുന്നു...
ഗോള്‍ഡ് സൂക്കിന്റെ പരിസരത്ത് നിന്ന് നിറപുഞ്ച്ചിരിയുമായി നിയാസ് അഹമ്മദ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു...
പിന്നെ നേരെ അല്‍ മുല്ല പ്ലാസയിലേക്ക് .... മഞ്ഞു തുള്ളിയുടെ നൈര്‍മ്മല്യം കൈമുതലായുള്ള രമേശും  "സൂര്യ" പുത്രന്‍ ജൈസലും കൂട്ടുകാരന്‍ സുബിയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു....
ഇടിവെട്ട് താരം സൈഫി എത്തിച്ചേരാന്‍ ഞങ്ങള്‍ക്കവിടെ അല്പസമയം കാത്തു നീല്‍ക്കേണ്ടിവന്നു...
മൊബൈലിന്റെ തുടരെയുള്ള റിങ്ടോണ്‍.. ഷിബുവാണ്.. തന്റെ കസിന്‍ അഖിലിനൊപ്പം തന്റെ വാഹനത്തില്‍ ഞങ്ങള്‍ക്കൊപ്പം കൂടിക്കൊള്ളാമെന്നേറ്റ ഷിബു..
ആര്‍ക്കെങ്കിലും ബസ് മിസ്സായിട്ടുണ്ടെങ്കില്‍ അവരെ പിക്ക് ചെയ്തുകൊള്ളാം എന്ന ഷിബുവിന്റെ അറിയിപ്പുമായി ആ സംസാരം അവസാനിച്ചു....
വീണ്ടും  മൊബൈല്‍ ശബ്‌ദിച്ചു... ഇത്തവണ രഹ്നയാണ്....
"ഞാന്‍ ഓഫീസിലാണ് , എന്താണ് ടൂര്‍ അപ്ഡേറ്റ്... ഗ്രൂപ്പിലിടാം എന്നായി വല്യമ്മായി...
കിട്ടിയ അവസരം മുതലെടുത്ത് സൈഫിക്കിട്ട് ഒന്നു കൊടുത്തു.. അപ്ഡേറ്റിക്കോളൂ‍..സൈഫി ലേറ്റ്..." ജബല്‍ അഫീതില്‍ വെച്ച് കാണാം എന്ന് പറഞ്ഞ് രഹ്ന ഫോണ്‍ വെച്ചു...
ക്ലോക്ക് ടവറില്‍ എത്തുമ്പോള്‍ ഇബ്രുവും സാദികും  ഷിഹാബും സുഭാഷും കൂട്ടുകാ‍ര്‍ സനവും വിബുനും എല്ലാം അക്ഷമരായി അവിടെ കാത്തുനില്‍ക്കുക്കയായിരുന്നു...  കൂടെ ചില അസൌകര്യങ്ങളാല്‍ ടൂറിന് വരാന്‍ കഴിയാതെ പോയ സാല്ലിഹ് ഞങ്ങളെ യാത്രയയക്കാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു.
ഇതിനിടയീല്‍ നദീരിന്റേയും മുനീറിന്റേയും സ്വാഗതപ്രസംഗം കവല പ്രസംഗങ്ങളെ പോലും കവച്ച് വെച്ച് മുന്നേറിക്കൊണ്ടിരുന്നു....
ബസ് കരാമയില്‍ എത്തുമ്പോള്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയിരുന്നു... കാത്ത് നില്‍പ്പിന്റെ വിരസതക്കപ്പുറം വരാനിരിക്കുന്ന നല്ല മുഹൂര്‍ത്തങ്ങളൂടെ ആവേശം ധര്‍മ്മജന്റേയും അനീസിന്റേയും നന്ദുവേട്ടന്റേയും രഞ്ജ്ജിത്തിന്റേയും വിശാലന്റേയും ഷായുഫിന്റേയും ഇസ്മയിലിന്റേയും നിഹ്മത്തിന്റേയും എല്ലാം മുഖത്ത്  വ്യക്തമായി പ്രകടമായിരുന്നു.....
ആരും മിസ്‌  ആയിട്ടില്ല എന്ന് ഷിബുവിന് സന്ദേശം നല്‍കിക്കൊണ്ട് കാത്തിരുന്ന ആ ധന്യമുഹൂര്‍ത്തങ്ങളിലേക്ക് ഞങ്ങള്‍ യാത്ര തുടങ്ങി...
ബസ്സിലെ അംഗങ്ങളെ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കയാണ്... അജ്ഞാതനായ ആ സുഹൃത്തിന്റെ  വശ്യമായ മന്ദഹാസം  എനിക്ക് മുന്‍പില്‍ മിന്നായം പോലെ കടന്നു വന്നു കൊണ്ടിരുന്നു....
മൈക്ക് കൈവിടാതെ പിടിച്ചിരുന്ന നദീറിന്റെ മേല്‍ക്കോയ്മക്ക് ഭംഗം വരുത്തി കൊണ്ട് മുനീര്‍ ആരംഭിച്ചു...
ഐസ് ബ്രേക്കിങ്, "റോള്‍ പ്ലെ എന്ന് രൂപമാറ്റം ചെയ്ത് അവതരിപ്പിക്കപ്പെട്ടു......
തനിക്ക് ഇഷ്‌ടപ്പെട്ട വ്യക്തിത്വത്തെ അവതരിപ്പിക്കുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുക എന്ന കര്‍മ്മം എല്ലാവരും വ്യക്തമായി ന്നിര്‍വഹിച്ചു. മിമിക്രിയുടെ അകമ്പടിയോടെ എത്തിയ രഞ്ജിത്തും പ്രതീഷൂം സൈഫിയും നന്ദുവും നിഹ്മത്തും  ഒരു സാദാ കൊടകരക്കാരനായി പ്രത്യെക്ഷപ്പെട്ട വിശാലനും തൃശൂരിന്റെ തനത് ശൈലിയില്‍ എത്തിയ സുഭാഷൂം സ്വന്തം സുഹൃത്ത് നദീറിന്റെ ആംഗ്യഭാവങ്ങളോടെ വന്ന നിയാസും ഷക്കീല എന്ന മാദക റാണിയെ രംഗത്തവതരിപ്പിച്ച ഇബ്രുവും അപരിചിതത്വത്തിന്റെ മൂടുപടമില്ലാതെ കോഴിക്കോടന്‍ ശൈലിയില്‍ എത്തിയ ഇസ്മൈലും എല്ലാം എല്ലാം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ വെറും സാമ്പിള്‍ മാത്രമായീരുന്നു അതെല്ലാം എന്നറിയാന്‍ ജബല്‍ അഫീത്തിന്റെ താഴ്വരയില്‍ ഇരുട്ടു പരക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു...
പാട്ടും കളിയും ചിരിയുമായി അലൈനീല്‍ എത്തുമ്പോള്‍ സമയം പത്തര കഴിഞ്ഞിരുന്നു... അലൈന്‍ മൃഗശാലയുടെ പുറത്തെ വിശാലമായ തണലില്‍ മസാലദോശയും കഴിച്ച് കുറച്ച് സമയം....
ഷിബുവും അഖിലും അപ്പോഴെക്കും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു...
പിന്നെ ടിക്കറ്റ് എടുത്ത് എല്ലാവരും മൃഗശാലക്ക് അകത്ത് കടന്നു. ആദ്യം കവാടത്തില്‍ തന്നെ എല്ലാവരും  ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തു.... പിന്നെ ചെറു സംഘങ്ങളായി മൃഗശാലയുടെ അകത്തേക്ക്.....
ഓരോ കൂടിനടുത്തും പോയി പക്ഷിമൃഗാദികളെ ദര്‍ശിച്ച് കൂട്ടുകാരുമൊത്ത് കമന്റടിച്ച് നടക്കുമ്പോഴും എന്റെ നിഴല്‍ പോലെ ആ അജ്ഞാതസുഹൃത്ത് എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നിയിരുന്നു.....
മുസ്ലീം സഹോദരങ്ങള്‍ മൃഗശാലക്കകത്തു തന്നെയുള്ള പ്രാര്‍ത്ഥനാലയത്തില്‍ ജുമാ ന്നിസ്കാരത്ത്തിനായി ഒത്തുചേര്‍ന്നപ്പോള്‍,  മറ്റുള്ളവര്‍ രണ്ടാം റൌണ്ട് കറക്കത്തിനായി ഇറങ്ങിയിരുന്നു....
ഒന്നരയോട് കൂടി മൃഗശാലയുടെ പുറത്തിറങ്ങി...
പുറത്തെ തണലില്‍ ഉച്ചഭക്ഷണം... എല്ലാവരും ഒരുമിച്ചിരുന്ന്  ഭക്ഷണം   കഴിക്കുന്ന നിമിഷങ്ങള്‍ ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു....
ചിക്കന്‍ ബിരിയാണിയോട് മല്ലിടുമ്പോഴും എനിക്ക് പപ്പടം വിളമ്പിയ ആ അദൃശ്യരൂപത്തിന്റെ മന്ദഹാസം എന്റെ മനസ്സില്‍ മായാതെ നിന്നിരുന്നു....
അല്പസമയം വിശ്രമത്തിനു ശേഷം വീണ്ടും യാത്ര..... യാ‍ത്രയിലുട നീളം നന്ദുവിന്റെയും വിശാലന്റെയും കവിതകളും പ്രതീഷിന്റെ നിമിഷ ഹാസ്യങ്ങളുടേയും രഞ്ജിത്തിന്റെ അനുഭവകഥകളുടേയും പിന്നെ ഇടവിട്ട് പലരും പാടിക്കൊണ്ടിരുന്ന പാട്ടുകളുടേയും മാസ്മരികത നിറഞ്ഞ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു എല്ലാവരും.....
 
ജബല്‍ അഫീത്തിന്റെ താഴ്വരയിലെ പൂന്തോട്ടത്തില്‍ എത്തിച്ചേര്‍ന്നപ്പോ‍ള്‍ വെയില്‍ മാഞ്ഞുതുടങ്ങിയിരുന്നു....
ജൈസല്‍ കാണിച്ച വഴിയിലൂടെ നടന്നു നീങ്ങി ഒരു മലമുകളില്‍ എത്തിയപ്പോഴാണ് തങ്ങളുടെ  വാഗ്ദത്ത ഭൂമിയായ ഫൂട്ബാള്‍ ഗ്രൌണ്ട്  ഇനിയുമകലെ എന്ന് മനസ്സിലായത്...
 എല്ലാവരും ഒരുമിച്ച് ജൈസലിനെ ആക്രമിക്കാന്‍ ഒരുങ്ങിയെങ്കിലും "സൂര്യ" പുത്രന്‍ വഴുതിമാറിക്കഴിഞ്ഞിരുന്നു....
തുടര്‍ന്ന് നടന്ന വടം വലി മത്സരത്തില്‍ വിജയിക്കുമ്പോഴും എനിക്ക് പുറകില്‍ നിന്ന് തോളോട് തോള്‍ ചേര്‍ന്ന് ആവേശം നല്‍കിയ ആ രൂപം ഞാന്‍ തേടുകയായിരുന്നു......
ആ അജ്ഞാത സുഹൃത്തിന്റെ  രൂപം  പലരീലും ഞാന്‍ മാറി മാറി ദര്‍ശിച്ചു.....
മൂന്ന് ടീമായി തിരിഞ്ഞ് നടത്തിയ ഫുട്ബാള്‍ മത്സരത്തിന്റെ , മലബാറിന്റെ ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ മുനീര്‍ നേതൃത്വം നല്‍കിയ ടീം വിജയം വരിച്ചു... ആ വിജയത്തിലും ത്രിശൂരിന്റെ മുത്തായ രഞ്ജിത്തിന്റെ സംഭാവന എടുത്തു പറയേണ്ടതായിരുന്നു..... ഏറ്റവും മികച്ച ഗോളായി ഫൈനലിന്റെ ആദ്യപാദത്തിന്റെ ആദ്യമിനുട്ടില്‍ അനീസ് കൊടിയതൂര്‍ നേടിയ ഗോള്‍ രേഖപ്പെടുത്തി.... ഇതിനിടയില്‍ ഒരു മാന്‍പേടയെ പോലെ നിഷ്കളങ്കനായ റഫറീയുടെ ( ഞാൻ  തന്നെ :) !!! ) നിഷ്പക്ഷത ചോദ്യം ചെയ്ത് കൊണ്ട് തോറ്റ ടീം റൈറ്റ് വിങ് ബാക് നദീര്‍ രംഗത്തെത്തി. തൃശൂരിന്റെ അഭിമാനമായ ക്യാപ്റ്റന്‍ വിശാലമനസ്കന്റെ  കാലിനേറ്റ പരിക്ക് അവരുടെ സാധ്യതകളെ വല്ലാതെ സ്വാധീനിച്ചിരുന്നു.. ഇതിനു പുറകിലും ആരുടെയൊക്കെയോ കറുത്ത കരങ്ങളുണ്ടായിരുന്നു.... ഫൈനല്‍ മത്സരത്തില്‍ ഗാലറിയിലിരുന്ന് ഷിബു,രമേഷ്,അഖില്‍,സനം,വിബിന്‍ തുടങ്ങിയവര്‍ റഫറിക്കെതിരെ നടത്തിയ ചില ആസൂത്രിത ആക്രമണങ്ങള്‍ എടുത്തു പറയേണ്ടതാണ്.. ഒപ്പം ധര്‍മജന്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാ‍ത്രം ഒറ്റക്ക് നടത്തിയ ഫൂട്ബാള്‍ മത്സരം ശ്രദ്ധയാകര്‍ഷിച്ചു......
വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോള്‍ ജബല്‍ അഫീത്തിന്റെ മുകളിലോട്ടുള്ള പ്രയാണം ആരംഭിച്ചു.... ചെങ്കുത്തായ കയറ്റം കയറുമ്പോഴും ബസ്സിനകത്തെ ആഘോഷങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കുറവുണ്ടായിരുന്നില്ല... ജബല്‍ അഫീത്ത്തിന്റെ അത്യന്നതങ്ങളില്‍  തണുത്തുറഞ്ഞ കാറ്റിന്റെ അകമ്പടിയില്‍ നാടന്‍ പാ‍ട്ടിന്റെ ഈരടികള്‍ക്കൊപ്പം എല്ലാവരും ഒന്നിച്ച് നൃത്തം ചവിട്ടി...
 അല്പസമയത്തിനകം രഹ്നയും കുടുംബവും സംഘത്തിനൊപ്പം ചേര്‍ന്നു.ജന്മാ‍ന്തരങ്ങളിലെ സൌഹൃദം പുതുക്കുന്ന പ്രതീതിയായിരുന്നു ആ മലമുകളില്‍ ദര്‍ശിച്ചത്...
രഹ്നയും കുടുംബവൂം വിടപറഞ്ഞ് പിരിഞ്ഞതിനു ശേഷം അല്പസമയം കൂടി  ആ‍ തണുത്ത ശീതളിമയില്‍ ലയിച്ചിരുന്നു. ഇരുട്ടിന് കനം കൂടിയപ്പോള്‍ മടക്കയാത്ര ആരംഭിച്ചു.
മടക്കയാത്രയും ആവേശം നിറഞ്ഞതായിരുന്നു.... ലക്കിഅലിയുടെ ഗാനത്തീന്റെ താളം പിടിച്ച്  ആടിത്തിമര്‍ത്തു. പിന്നെ ഈ യാത്രയുടെ അത്യപൂര്‍വ സുന്ദരമായ ചില നിമിഷങ്ങളായിരുന്നു. വടംവലി,ഫൂട്ബാള്‍ മത്സരവിജയികള്‍ക്ക് പ്രതീകാല്‍മ്മക സമ്മാനങ്ങള്‍ നല്‍കിയതിനോടൊപ്പം ഏറ്റവും നല്ല ഓള്‍ റൌണ്ട് പ്രകടനത്തിന് രഞ്ജിത്തും ബെസ്റ്റ് പ്ലീസിങ് പേഴ്സനാലിറ്റിയായി സാദിക്കും ബെസ്റ്റ് ഫ്രണ്ടിലി ആയി ഇസ്മയിലും(ഇച്ചു) ബെസ്റ്റ് ജഗപൊകയായി പ്രതീഷും ബെസ്റ്റ് സ്മൈല്‍ പട്ടത്തിന് നിയാസ്  അഹമ്മദും സമ്മാനര്‍ഹരായി.....

എല്ലാ ആവേശവും നിലനിര്‍ത്തിയുള്ള മടക്കയാത്ര ദൂബൈയും ഷാര്‍ജയും പിന്നിട്ട് അജ്മാനില്‍ എത്തുമ്പോള്‍  സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു. ബസ്സിറങ്ങി റൂമീലേക്ക് നടക്കുമ്പോഴും എനിക്ക് പുറകില്‍ ആ നനുത്ത പാദപതനം ഞാന്‍ കേട്ടു....കഴിഞ്ഞു പോയ നല്ല നിമിഷങ്ങളുടെ സ്മരണയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ എന്റെ മുന്നില്‍ ആ രൂപം തെളിഞ്ഞു നിന്നു... ചുണ്ടില്‍ നിറഞ്ഞ മന്ദഹാസവും തോളില്‍ കറുത്ത ഭാഗും കയ്യിലൊരു വാട്ടര്‍ ബോട്ടിലുമായി കടന്നു വരുന്ന ആ സുഹൃത്ത്...... അത് നിങ്ങളിൽ  ആരായിരുന്നു .....!!!!


0 Comments:

Post a Comment

<< Home