Sunday, August 01, 2010

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം"


സമയം പത്തു മണിയാകുന്നു... ഓപ്പറേഷന്‍ തിയേറ്ററിലെ ബെഡില്‍ കിടന്നുകൊണ്ട്‌ എതിരെയുള്ള ചുമരിലെ ക്ലോക്കിലേക്ക്‌ ഞാന്‍ എത്തിനോക്കി.... ഡോക്ടര്‍ എന്താണ്‌ വരാത്തത്‌ ..... സിസ്റ്റേഴ്സ്‌ യാന്ത്രികമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു... എനിക്കു ചുറ്റും പരിചിതമല്ലാത്ത എന്തൊക്കെയോ ഉപകരണങ്ങള്‍.അല്‍പം കഴിഞ്ഞപ്പോള്‍, പുഞ്ചിരിയോടെ ഡോക്ടര്‍ കടന്നു വന്നു. നെറ്റിയില്‍ കൈവെച്ചു പതിവു കുശലങ്ങള്‍. തലക്കു മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു . പിന്നെ മെല്ലെ മെല്ലെ... കണ്ണടയുകയാണ്‌..... ക്ലോക്കില്‍ പത്തുമണിയടിക്കുന്ന ശബ്ദം മാത്രം കണ്ണില്‍ ഇരുള്‍ പരന്നു തുടങ്ങി......
ഞാന്‍ ഇരുട്ടിലൂടെ നടക്കുകയാണ്‌. അനന്തമായ അന്ധകാരത്തില്‍ അകലെ ഒരു തിരിനാളം പോലെ കാണാം... ആ വെളിച്ചം.... മണിക്കൂറുകളായി ആ ലക്ഷ്യത്തിലേക്കു ഞാന്‍ സഞ്ചരിക്കുകയാണ്‌. നഗ്നമായ എന്റെ പാദങ്ങള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു.... കൂര്‍ത്ത കല്ലുകള്‍ തട്ടി അതില്‍ ചോര പൊടിഞ്ഞിരിക്കുന്നു... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു... പാറിക്കൊണ്ടിരിക്കുന്ന എന്റെ നീളന്‍ കുപ്പായം ഞാന്‍ ദേഹത്തിലേക്കു കൂടുതല്‍ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു..... ഇടക്കിടെ നിശ്ശബ്ദതക്കു ഭംഗം വരുത്തികൊണ്ടു എന്തൊക്കെയോ അപശബ്ദങ്ങള്‍... അവ്യക്തമായ ആ ശബ്ദങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു... അതു അകന്നു പോയിക്കൊണ്ടേയിരിക്കയാണോ...??. മനസ്സിലെ ഊര്‍ജ്ജം പാദങ്ങളിലേക്കു ആവാഹിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.... ഇരുട്ടു കൂടുതല്‍ കൂടുതല്‍ കട്ടി പ്രാപിച്ചുകൊണ്ടിരുന്നു..... ഞാന്‍ അത്ഭുദപ്പെടുകയായിരുന്നു അനാദികാലം മുതല്‍ അനേകം പേര്‍ സഞ്ചരിച്ച ഈ വഴികള്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാകുന്നത്‌ എന്തുകൊണ്ടാണ്‌.
പെട്ടെന്നു ഇരുട്ടില്‍ നിന്നും ഒരു പൊട്ടിച്ചിരി. ദേഹമാസകലം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു രൂപം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപ്പടക്കു നാശം വിതച്ച പോരാളി. പ്രയോഗിച്ച ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാനാവാതെ ശാപഭാരത്താല്‍ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി, ചിരഞ്ജീവിയായി അലയുന്ന അശ്വത്ഥാമാവ്‌ തന്നെയല്ലേ അത്‌. ആ പൊട്ടിച്ചിരി അകലേക്ക്‌ അകലേക്ക്‌ മാഞ്ഞുപോയി...
കാല്‍പാദങ്ങളിലെ വേദന മുകളിലോട്ടു കയറിതുടങ്ങിയിരുന്നു..... ശിരസ്സില്‍ ആരോ കുത്തി വലിക്കുന്നതു പോലെ അസഹ്യമായ വേദനയില്‍ ഞാന്‍ ഒന്നു പിടഞ്ഞു... കാതടപ്പിക്കുന്ന ഒരു ചിറകടി ശബ്ദം.. "ആര്‍കിയൊപ്റ്ററിക്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭീമാകാരനായ പക്ഷി എന്റെ തലക്കു മുകളിലൂടെ പറന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സീല്‍കാരശബ്ദം അത്‌ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഇരുട്ടില്‍ അവ്യക്തമായി ഞാന്‍ കണ്ടു, ഭീമാകാരമായ ആ ശരീരത്തില്‍ നിന്നും ഒരു ചിറക്‌ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. രാവണഗഡ്ഗമേറ്റ ജടായുവിനെപ്പോലെ...
വയ്യ.. ഇനിയും മുന്നോട്ടു പോകാന്‍.. ശരീരത്തിനൊപ്പം മനസ്സും തളര്‍ന്നിരിക്കുന്നു.ഇനിയങ്ങോട്ട്‌ കയറ്റമാണ്‌.. കറുത്ത മൂടുപടമണിഞ്ഞ കുറെ പേര്‍ ഓടിമറയുന്നു. അവര്‍ എത്ര നിഷ്പ്രയാസമാണ്‌ ആ മല കയറുന്നത്‌! താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ തിടുക്കത്തില്‍ ഒരു കല്ലും ഉരുട്ടികൊണ്ടു എന്നെ കടന്നു പോയി. "ആരാത്‌?" എന്റെ കണ്ഠനാളത്തില്‍ നിന്നും അവ്യക്തമായ ഒരു ശബ്ദം പുറത്തു വന്നു. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി ഉച്ചത്തില്‍ പറഞ്ഞു. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം. നാറാണത്തു ഭ്രാന്തന്‍... എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കല്ലും ഉരുട്ടി അയാള്‍ തിടുക്കത്തില്‍ ഓടി മറഞ്ഞു..
ഞാന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു. തൊണ്ട വരളുന്നു. അടുത്തു കണ്ട കലുങ്കിലേക്കു ഞാന്‍ ചാരിയിരുന്നു... അല്‍പം അകലെ പുകച്ചുരുളുകള്‍ ഉയരുന്നതു കാണം. അതൊരു ശ്മശാനമാണോ... ഒരു സ്ത്രീയുടെ രോദനം.. പക്ഷെ ആ രോദനത്തിലും അവള്‍ക്കു ഏതോ ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു. അതെ അവള്‍ തന്നെ സാവിത്രി. തന്റെ പതിയുടെ ജീവന്‍ യമദേവനില്‍ നിന്നും തിരിച്ചു പിടിച്ച സാവിത്രി.. അവള്‍ എന്തിനാണു കരയുന്നത്‌...? ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു.........
തോളില്‍ തണുത്ത ഒരു കരസ്പര്‍ശം. ഞാന്‍ തിരിഞ്ഞു നോക്കി... എവിടെയോ കണ്ട ഒരു മുഖം. ആ മുഖം മനസ്സില്‍ വെറുപ്പാണ്‌ ഉളവാക്കിയത്‌. അതെ... ചിത്രകാരന്‍ ഭാവനയില്‍ വരച്ച യൂദാസിന്റെ മുഖം... എന്റെ മനസ്സു വായിച്ചെന്ന പോലെ അയാള്‍ പറഞ്ഞു... അതെ ഞാന്‍ തന്നെ ചിത്രകാരന്‍ പകര്‍ത്തിയ യൂദാസിന്റെ രൂപം...എന്നാല്‍ അതേ ചിത്രകാരന്‍ ഉണ്ണിയേശുവിനെ ചിത്രീകരിച്ചത്‌ കുഞ്ഞായിരുന്ന അയാളെതന്നെയായിരുന്നു എന്ന അറിവ്‌ എന്റെ മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടാക്കി..... അയാളുടെ കൈപിടിച്ചു യാത്ര തുടരുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയായിരുന്നു..എങ്കിലും അകലെ കണ്ട ആ വെളിച്ചം അടുത്തടുത്ത്‌ വന്നത്‌ ഞാന്‍ അറിഞ്ഞില്ല......
തലയുയര്‍ത്തി നില്‍കുന്ന ഒരു പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു. മനസ്സില്‍ ഊറിക്കൂടിയ ഭയം അകറ്റാന്‍ എന്റെ സഹയാത്രികന്റെ കൈകള്‍ മുറുകെ പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.. കൂറ്റന്‍ കോട്ടവാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു... കയ്യില്‍ വിളക്കേന്തിയ കറുത്ത വസ്ത്രധാരിയായ ഒരു രൂപം എന്നെ അകത്തേക്ക്‌ നയിച്ചു.. അയാളുടെ മുഖത്തു നല്ല തേജസ്സുണ്ടായിരുന്നു...... നടക്കുമ്പോള്‍ അയാളുടെ മേല്‍കുപ്പായം നിലത്തെ തഴുകിക്കൊണ്ടിരുന്നു.. വിശാലമായ ഒരു മുറിയിലാണ്‌ ഞാന്‍ എത്തിചേര്‍ന്നത്‌.. അവിടെ ഒരു കട്ടില്‍ മാത്രം. "യാത്ര കഴിഞ്ഞു വന്നതല്ലെ വിശ്രമിച്ചോളു"... അത്രയും പറഞ്ഞു ആ രൂപം മറഞ്ഞു...
നീണ്ടയാത്രയുടെ ക്ഷീണം അറിയാതെ എന്നെ കട്ടിലിലേക്കു നയിച്ചു... നീണ്ടു മലര്‍ന്നു കിടന്നു ഞാന്‍... മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു........
ഞാന്‍ ഉണരുകയായിരുന്നു.... ശരീരമാസകലം വേദന.. എവിടെയൊക്കയോ പുകഞ്ഞു കൊണ്ടിരുന്നു.. മെല്ലെ കണ്ണുകള്‍ തുറന്നു... മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ടു ഡോക്ടര്‍ .... "എങ്ങനെയുണ്ട്‌?" ഡോക്ടര്‍ ചോദിച്ചു.. അസഹ്യമായ വേദനയിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു... "താങ്കള്‍ ഇന്നലെ മുഴുവന്‍ ഉറങ്ങുകയായിരുന്നു.. അതിനിടയില്‍ താങ്കളുടെ ശിരസ്സില്‍നിന്നു ഒരു കറുത്ത പൊട്ട്‌ ഞങ്ങള്‍ എടുത്തുമാറ്റി.. " ഡോക്ടര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു... ചില്ലു ജാലകങ്ങള്‍ക്കപ്പുറം കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവ്യക്തമായി ഞാന്‍ കണ്ടു.... ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക്‌ നോക്കി.. ആ പുഞ്ചിരി ക്രമേണ അവ്യക്തമായികൊണ്ടിരുന്നു... പിന്നെ മെല്ലെ മെല്ലെ എന്റെ കണ്ണുകള്‍ അടഞ്ഞു.... അതാ വരുന്നു ആ കറുത്ത വസ്ത്രധാരി... എന്റെ കണ്ണുകളെ തഴുകിയടക്കുന്നു... ആ രൂപം ഒരു മൂടുപടമായി എന്റെ ശരീരത്തില്‍ പടര്‍ന്നു കയറി.... ഞാന്‍ അനന്തതയിലേക്കു ഉയരുകയായിരുന്നു..... അപ്പോള്‍ ക്ലോക്കില്‍ പത്തു മണിയടിക്കുന്ന ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു..

4 Comments:

At 5:54 AM, Blogger SUJITH KAYYUR said...

ilam thennale, ivide vare varukayum postukal vaayikukayum cheythu. nalla chila postukal kandu.nannaayi.

 
At 11:34 PM, Anonymous Anjali said...

Very well written . Thank you for the post. Looking forward for more :)

 
At 7:16 AM, Blogger Unknown said...

നല്ല ഭാഷാ സ്വാധീനം.ഒഴുക്കുള്ള ശൈലി.. പക്ഷെ നിങ്ങൾ എന്താണു ഇ ങ്ങനെ. 2006 മുതൽ 2013 വരെ ആന പ്രസവിക്കുന്നതു ഒപോലെ മൂന്നു നാലു എണ്ണം പട്ച്ചു വിട്ടിട്ടു മിണ്ടാ‍തിരിക്കുന്നോ.. അതു ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണു. എഴുതുക സുഹൃത്തേ. ഈ കഴിവിനു വാതം പിടിപ്പിക്കാതെ സൂക്ഷിക്കുക. നന്ദി.

 
At 9:19 PM, Blogger സുധി അറയ്ക്കൽ said...

എഴുതാൻ കഴിവുണ്ടായിട്ടും .ഹാ .കഷ്ടം.

 

Post a Comment

<< Home